Saturday, November 18, 2023
ദാമ്പത്യത്തില്‍ ലൈംഗികതയുടെ സ്ഥാനം . അറിയാതെ പോയാൽ കരയേണ്ടിവരും
കൂടുമ്പോള്‍ ഇമ്പമുണ്ടാവുന്നതാണ് കുടുംബം. ശാന്തിയുടെയും ആശ്വാസത്തിന്റെയും പദമായ സുക്കുനില്‍ നിന്നാണ് കുടുംബത്തിന്റെ ഇടമായ വീടിന്ന് അറബിയില്‍ സകന്‍, മസ്കന്‍ എന്നീ വാക്കുകള്‍ വരുന്നത് തന്നെ. എല്ലാ സൃഷ്ടികളെയും ഇണകളായി സൃഷ്ടിച്ചതില്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ടെന്ന് നാഥന്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവനുള്ള സകല വസ്തുക്കളുടെയും പ്രജനനവും ശേഷിപ്പുമാണ് ഇണ ചേരല്‍, പരാഗണം പോലോത്ത സൃഷ്ടി സംസര്‍ഗങ്ങളിലൂടെ സാധ്യമാവുന്നത്. എന്നാല്‍ ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള മനുഷ്യരില്‍ കേവലമായ ഇണചേരലിനും പ്രജനനത്തിനുമപ്പുറമുള്ള അനേകം ധര്‍മ്മങ്ങള്‍ ഇണകളായി സൃഷ്ടിക്കപ്പെടുന്നതിലൂടെ നടത്തപ്പെടുന്നുണ്ട്. ഉമ്മ, ഉപ്പ, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, വലിയുപ്പ, വലിയുമ്മ, മകന്‍, മകള്‍, പേരമകന്‍, പേരമകള്‍ തുടങ്ങി ഒരേ സമയം വിവിധ റോളുകളും അവയുടെ ഉത്തരവാദത്തങ്ങളും നിര്‍വ്വഹിക്കേണ്ട, അടുത്തതും അകന്നതുമായ വിവിധ ബന്ധങ്ങളുടെ ആകെത്തുകയാണ് കുടുംബം.
സമുന്നതമായ സംസ്കരണ പ്രക്രിയയും സ്വഭാവഗുണങ്ങളുടെ രൂപീകരണവും സാധ്യമാക്കുന്ന മഹത്തായ ഒരു സാമൂഹിക സ്ഥാപനമായാണ് ഇസ്ലാം കുടുംബത്തെ കാണുന്നത്. കുടുംബത്തിന്റെ കെട്ടുറപ്പും സ്ഥിരതയും ഓരോ മനുഷ്യന്റെയും ജീവിതവും ചിട്ടപ്പെടുത്തുന്നതിലും സംസ്കരിക്കുന്നതിലും അനല്‍പ്പമായ പങ്കാണ് വഹിക്കുന്നത്. പരസ്പര സ്നേഹം, ബഹുമാനം, വിട്ടുവീഴ്ചാ മനോഭാവം, നന്മയെ പ്രോത്സാഹിപ്പിക്കുകുയം പ്രശംസിക്കുകയും ചെയ്യല്‍, സ്വന്തം അവകാശങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ആകുലപ്പെടുന്നതിനേക്കാള്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ താന്‍ വഹിക്കുന്നുണ്ടോ എന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ താന്‍ വകവെച്ചു കൊടുക്കുന്നുണ്ടോ എന്നും ചിന്തിക്കാനുള്ള സന്മനസ്സും അവബോധവും തുടങ്ങി ഒരു കുടുംബ ജീവിതം ചിട്ടയോടെയും ശാന്തിയോടെയും മുന്നോട്ട് കൊണ്ട് പോകുന്നതിനാവശ്യമായ അനേകം ഘടകങ്ങളുണ്ട്.
ഈ ഘടകങ്ങളുടെ ചര്‍ച്ചകളില്‍ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണ് ലൈംഗികതയും, സകല ജീവല്‍വസ്തുക്കളിലുമുള്ള ഈ ജന്മവാസനയെ കൃത്യമായ കാഴ്ചപ്പാടുകളോടെ ക്രമീകരിക്കുന്നതില്‍ ഇസ്ലാമികാധ്യാപനങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്കും. ഭക്ഷണം, വസ്ത്രം, അഭയസ്ഥലം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലും വിശപ്പ്, ദാഹം പോലെയുള്ള അടിസ്ഥാന വികാരങ്ങളിലും ഉള്‍പ്പെടുന്നതാണ് ലൈംഗികാവശ്യങ്ങളും കാമവികാരവും (സെക്ഷ്വല്‍ നീഡ് ആന്റ് സെക്ഷ്വല്‍ ഇമോഷന്‍സ്). വിവേചന ശേഷി നല്‍കപ്പെടാത്ത പക്ഷികളിലും മൃഗങ്ങളിലും നിയതമായ ഒരു ചിട്ടയില്‍ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ വൈകൃതങ്ങളില്ലാതെ അവ നടന്നുപോകുന്നു.
എന്നാല്‍ വിവേകമുള്ള മനുഷ്യനില്‍ സഹജമായ ലൈംഗികതയെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വളരെ ഗൌരവമുള്ള വിഷയമാണ്. ലൈംഗികത മൊത്തത്തില്‍ പാപമായി കാണുകയും ലൈംഗിക ജീവിതത്തോടുള്ള വിരക്തിയും ബ്രഹ്മചര്യ ആചരിക്കലും(സെലിബസി) പുണ്യമായി കാണുകയും ചെയ്യുന്ന ചിന്താരീതികള്‍ ലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലെ മനുഷ്യന്റെ കേവലമായ ഒരു ജൈവ ആവശ്യം മാത്രമാണ് ലൈംഗികതയെന്നും അവ പാപമോ പരിശുദ്ധമായി കാണേണ്ടതോ, വിധിവിലക്കുകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതോ അല്ല എന്നും ആര്‍ക്കും ആരുമായും ആകാവുന്നതാണ് എന്ന വളരെ സ്വതന്ത്രമായ ചിന്തകള്‍ പ്രചരിപ്പിച്ച് ലൈംഗിക ആരാചകത്വം സൃഷ്ടിക്കുന്നവരാണ് ഇതിന്റെ മറുഭാഗത്ത് നില്‍ക്കുന്നത്. ഈ രണ്ട് വീക്ഷണങ്ങള്‍ക്കിടയില്‍ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ സൌകര്യത്തിന്റെയോ പേരില്‍ ലൈംഗികതയെ കുടുംബ ജീവിതവുമായി ചേര്‍ത്തിക്കാണാനാണ് ലോകത്തെ എല്ലാ സമൂഹത്തിലുമുള്ള പൊതുവായ ശ്രമം.
സന്താനോല്‍പാദനത്തിലൂടെ മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പ്, വൈകാരിക സുരക്ഷിതത്വം എന്നിവയോടൊപ്പം ലൈംഗിക വികാരങ്ങളുടെയും ആനന്ദത്തിന്റെയും ആരോഗ്യകരമായ പരിപാലനമാണ് ഇസ്ലാം വൈവാഹിക കുടുംബ ജീവിതത്തിലൂടെ ലക്ഷീകരിക്കുന്നത്. ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം ഓരോ ആണിനും ഓരോ പെണ്ണിനെ അനുവദനീയമാക്കി നല്‍കി, ലൈംഗികത ആസ്വാദിക്കാനുള്ള മാര്‍ഗ്ഗം കാണിക്കുകയും അവയെ ഏറ്റവും ആനന്ദകരവും ആസ്വാദ്യവുമാക്കുന്നത് പുണ്യമായ ആരാധനയുടെ ഭാഗമാക്കുകയും ചെയ്തു നമ്മുടെ മതം. നിങ്ങള്‍ നിങ്ങളുടെ ഇണയോടൊത്ത് കിടപ്പറ പങ്കിട്ട് നടത്തുന്ന ലൈംഗിക ആസ്വാദനം പോലും സ്വദഖയാണ്, പുണ്യപ്രവര്‍ത്തിയാണ്, പ്രവാചകന്‍ അനുചരരോട് പറഞ്ഞു. അത്ഭുതാദരങ്ങളോടെ അവര്‍ ചോദിച്ചു: പ്രവാചകരെ, ഞങ്ങളിലൊരാള്‍ അയാളുടെ ലൈംഗിക ദാഹം തീര്‍ക്കുന്നു, അതിലും റബ്ബിന്റെ പ്രതിഫലമോ? അവിടന്ന് പ്രതിവദിച്ചു: അയാള്‍ ആ ചെയ്യുന്നത് അവിഹിത ബന്ധമാണെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കില്ലെ? അപ്പോള്‍ അത് നിയമപരമായി ചെയ്യുന്നുവെങ്കില്‍ അയാള്‍ക്കതില്‍ പ്രതിഫലവും ലഭിക്കും.
പരസ്പരം കാണുന്നത് പോലും നിഷിദ്ധമായ ഒരാണും പെണ്ണും നിക്കാഹ് എന്ന പുണ്യകര്‍മ്മത്തിന് ശേഷം എല്ലാവരുടെയും സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് കുടുംബ ജീവിതത്തിലേക്കും സര്‍വ്വോപരി ലൈംഗികാസ്വാദനത്തിലേക്കും പ്രവേശിക്കുന്നത്. വിഹിതവും നിയതവും പുണ്യവുമായ ഈ ലൈംഗികാസ്വാദനത്തെ ഏറ്റവും തൃപ്തികരവും ആനന്ദതുന്ദിലവുമാക്കേണ്ടതിനുള്ള അനേകം സന്ദേശങ്ങള്‍ സത്യത്തില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അവയുടെ വിശദീകരണങ്ങളടങ്ങുന്ന നിരവധി ഗ്രന്ഥങ്ങളുടെയും പ്രതിപാദ്യവിഷയമാണ്. പൂര്‍ണ്ണതൃപ്തിയോടെയും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ആശയ വിനിമയ നടത്തിയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഇണകളുടെ ദാമ്പത്യ ജീവിതം കൂടുതല്‍ കെട്ടുറപ്പുള്ളതും പ്രശ്നങ്ങള്‍ കുറഞ്ഞതുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹിതര്‍ക്കിടയില്‍ അവിഹിത ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പിന്നില്‍ ദാമ്പത്യ ജീവിതത്തില്‍ യഥാര്‍ത്ഥ ലൈംഗികതയുടെ അഭാവമാണ് വില്ലന്‍.
ലൈംഗികതയെക്കുറിച്ചുള്ള വികലമോ വികൃതമോ ആയ ധാരണകളും, പോര്‍ണോഗ്രഫി പ്രചരിപ്പിക്കുന്ന സിനിമാ സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന അതിശയോക്തി കലര്‍ന്നതും യാഥാര്‍ത്ഥ്യങ്ങളോട് ബന്ധമില്ലാത്തതുമായ അറിവുകളും, പല ദാമ്പത്യ ബന്ധങ്ങളെയും തകര്‍ത്ത് കൊണ്ടിരിക്കുന്നു. സ്വന്തം തുണയുടെ ലൈംഗികമായ വികാരങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാത്തവരും സ്വന്തം ലൈംഗിക ദാഹം തീര്‍ക്കുന്നതിനിടയില്‍ ഇണയുടെ സംതൃപ്തിയും താല്‍പര്യവും മറന്ന് പോകുന്നവരും, പ്രത്യേകിച്ചും ഭര്‍ത്താക്കന്മാര്‍, ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. പലപ്പോഴും അത്തരം ദാമ്പത്യ ജീവിതങ്ങള്‍ തകരുകയോ, ബാഹ്യമോഡിയോടെയും ആന്തരീക സംഘര്‍ഷങ്ങളോടെയും നിലനില്‍ക്കുകയോ ഇണകള്‍ അവിഹിത മാര്‍ഗമോ ജീവിതത്തില്‍ നിന്ന് മോചനമോ തേടുന്നതില്‍ അല്ലെങ്കില്‍ നിത്യവിഷാദ രോഗികളായി കഴിയുന്നതില്‍ കലാശിക്കുകയോ ചെയ്യുന്നു.
കുടുംബ ഭദ്രത മുസ്ലിം സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശിലയായത് കൊണ്ട് തന്നെ ആ ഭദ്രത നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ദാമ്പത്യ ജീവിതത്തിലെ ആസ്വാദ്യവും ആരോഗ്യകരവുമായ ലൈംഗിക ജീവിതത്തെ കുറിച്ച് കൂടുതല്‍ വിജ്ഞാനപ്രദവും ഉപകാരദായകവും സ്വാദ്ദേശ്യപരവുമായ അധ്യാപനങ്ങള്‍ വളരെ പക്വതയോടെയും സൂക്ഷമതയോടെയും സമൂഹത്തില്‍ നല്‍കപ്പെടണം. ലൈംഗിക ജീവിതത്തിന്റെ പരിശുദ്ധിയും പരിപൂര്‍ണ്ണ ആസ്വാദനവും തിരിച്ചറിയാത്ത, എത്രയോ നിരാശാദാമ്പത്യങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നത് സത്യമാണ്. അവ പലപ്പോഴും ഗുരുതരമായ ദാമ്പത്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നതാണ് അനുഭവം.
പെണ്ണിണയുടെ ലൈംഗിക ആവശ്യങ്ങളും ആസ്വാദനരീതികളും തിരിച്ചറിയാത്ത സ്വന്തം ലൈംഗിക ദാഹം തീര്‍ക്കല്‍ മാത്രം ശ്രദ്ധിക്കുകയും ഇണയെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന അനേകം പുരുഷന്മാര്‍ നമുക്കിടയിലുണ്ട്. ചിലര്‍ക്ക് ലൈംഗിക അവയവങ്ങള്‍ കൂടിച്ചേരല്‍ മാത്രമാണ് ലൈംഗിക ആസ്വാദനം. അവര്‍ നബിയുടെയും അനുചരന്മാരുടെയും ഇവ്വിഷയകമായ അധ്യാപനങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. വിവിഹം കഴിച്ചുവന്ന ഒരു അനുചരനോട് സംസാരിക്കുന്ന പ്രവാചകന്‍ പറയുന്നു: നീ അവളെ ചിരിപ്പിക്കുക, അവള്‍ നിന്നെ ചിരിപ്പിക്കും. നീ കളിവാക്കുകള്‍ പറയുകയും കളിപ്പിക്കുകയും ചെയ്യുക, അവള്‍ നിന്നോടും അതുപോലെ പെരുമാറും. മറ്റൊരിടത്ത് അവിടന്ന് പറയുന്നു: നീ നിന്റെ ഇണയുടെ വായില്‍ ഒരുപിടി ഭക്ഷണം വെച്ച് കൊടുക്കുന്നത് പോലും ഒരു പുണ്യ പ്രവര്‍ത്തിയാണ്. ലൈംഗികതയുടെ വിഷയത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്വവും അവകാശങ്ങളും ഇസ്ലാം വിശദീകരിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും രണ്ട് പേരും ഇടപെടുന്ന പൊതു ഇടങ്ങളിലും വൃത്തിയും ശുദ്ധിയും സൂക്ഷിക്കുകയും പരസ്പരം വെറുപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതിരിക്കലും ഇതില്‍ വളരെ പ്രധാനമാണ്.
ശാരീരിക ശുദ്ധി സൂക്ഷിക്കുന്നതില്‍ പരാമര്‍ശിക്കപ്പെട്ട നഖം വെട്ടലും സ്വകാര്യ സ്ഥലങ്ങളിലെ കേശങ്ങള്‍ വൃത്തിയാക്കലുമൊക്കെ ഇതിന്റെ ഭാഗമാണ്. സ്ത്രീ പുരുഷന് വേണ്ടിയും തിരിച്ചും ആകര്‍ഷണീയമായ വസ്ത്ര ധാരണം, പെരുമാറ്റം തുടങ്ങിയവ സ്വീകരിക്കലും ലൈംഗിക ജീവിതം ആസ്വാദ്യകരവും പുണ്യകരവുമാക്കുന്നതില്‍ പെട്ട ഘടകങ്ങളാണ്. തന്റെ ഇണയുടെ ആരോഗ്യം, ശാരീരിക മാനസിക ക്ഷമത, ശറഇയ്യായ അനുവദനീയ സമയം എന്നിവ പരിഗണിച്ചായിരിക്കണം ഒരു പുരുഷന്‍ അവളെ ലൈംഗികതക്ക് ക്ഷണിക്കേണ്ടത്. ഇത്തരം കാരണങ്ങളില്ലാത്തപ്പോള്‍ തന്റെ പുരുഷന്‍ കിടപ്പറയിലേക്ക് ക്ഷണിക്കുന്നത് നിരസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് പാപവും ശാപം വിളിച്ച് വരുത്തുന്ന പ്രവര്‍ത്തിയുമാണെന്ന് ഹദീസില്‍ കാണാം. തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അവന്റെ സമ്മതം കൂടാതെ ഭാര്യ സുന്നത്ത് നോമ്പെടുക്കരുതെന്ന് നമ്മുടെ മതം പറയുന്നു. പുരുഷന്റെ ലൈംഗിക അവകാശം പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ താല്‍പര്യവും സംരക്ഷിക്കുന്നു നമ്മുടെ പ്രമാണങ്ങള്‍. പകല്‍ നോമ്പ് നോല്‍ക്കുകയും രാത്രി മുഴുവന്‍ നിന്ന് നിസ്കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹി ബ്നു ഉമര്‍(റ)നെപ്പോലോത്ത തന്റെ അനുചരന്മാരോട് നബി പറഞ്ഞു: നിന്റെ ശരീരത്തോടും നിന്റെ ഭാര്യയോടും നിനക്ക് കടപ്പാടുണ്ട്, അത് വീട്ടിയേ മതിയാവൂ. ഇമാം ഗസ്സാലി(റ) പറയുന്നു: നാല് രാത്രികളിലൊരിക്കലെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ഇണ ചേരണം, അതാണ് ഏറ്റവും നീതി പൂര്‍ണ്ണമായത്. അതില്‍ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ തന്റെ ഭാര്യയുടെ ലൈംഗിക സംരക്ഷണം അവന്റെ കടമയാണ്.
അറിവിലും ഭയഭക്തിയിലും സൂക്ഷമതയിലും ഉന്നത പദവി അലങ്കരിച്ച ഇമാം ഗസ്സാലി(റ)യെ പോലെയുളള ഒരാള്‍ ഇവ്വിഷയകമായി നമുക്ക് നല്‍കുന്ന അധ്യാപനം പുതിയ മുസ്ലിം തലമുറയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അനുവദനീയമായ ലൈംഗിക ആസ്വാദനം ഒരു ആത്മീയ പ്രവര്‍ത്തനമാണെന്ന് പഠിപ്പിച്ച് മഹാന്‍ എഴുതുന്നു: ഒരു ഇണചേരല്‍ തുടങ്ങേണ്ടത് ബിസ്മി ചൊല്ലിയായിരിക്കണം. എന്നിട്ട് അല്ലാഹുമ്മ ജന്നിബ്നി മിനശൈഥ്വാന്‍ വജന്നിബി ശൈഥ്വാന ഫീമാ റസക്തനാ (അല്ലാഹുവേ ഞങ്ങളെയും, ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനങ്ങളെയും പിശാചില്‍ നിന്ന് രക്ഷിക്കണേ) എന്ന ദിക്റ് ചെല്ലണം. തന്റെയും ഇണയുടെയും ശരീരങ്ങളെ ഒരു വസ്ത്രത്തില്‍ പൊതിയണം. കളിവാക്കുകള്‍ പറഞ്ഞ് ചുംബനങ്ങള്‍ നല്‍കിയും ഇണചേരലിന്റെ പ്രാരംഭങ്ങള്‍ നടത്തണം.
നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ. മറ്റൊരിടത്ത് നബി തങ്ങള്‍ പുരുഷന്റെ ബലഹീനതയുടെ മൂന്ന് ലക്ഷണങ്ങള്‍ പറഞ്ഞു. അവരിലൊരാള്‍ തന്റെ ഭാര്യയെ പ്രാപിക്കുന്നു. സ്നേഹപ്രകടനമോ തലോടലോ നടത്തി തന്റെ പെണ്ണിണയെ അയാള്‍ തൃപ്തിപ്പെടുത്തുന്നില്ല. അവള്‍ തന്റെ തൃപ്തിയും ലൈംഗിക സുഖവും കണ്ടെത്തുന്നതിന് മുമ്പ് അവന്‍ തന്റെ ലൈംഗിക ദാഹം തീര്‍ത്ത് വിടവാങ്ങുന്നു. ഇമാം ഗസ്സാലി തുടര്‍ന്ന് പറയുന്നു: ഇനി പുരുഷന് തന്റെ ആവശ്യം നിര്‍വ്വഹിച്ചാലും പതിയെ ഉണരുന്ന തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ അവന്‍ കാത്തിരിക്കുകയോ സമയം കാണുകയോ വേണം. അല്ലാത്ത പക്ഷം അവളെ പീഢിപ്പിക്കലാണ്. രണ്ട് പേരും പരസ്പരം കാത്തിരുന്നും ആശയ വിനിമയം നടത്തിയും തൃപ്തിപ്പെടുത്തിയും ഒന്നിച്ച് രതിമൂര്‍ച്ചയിലെത്തലാണ് ഏറ്റവും ആനന്ദവും ആസ്വാദ്യവുമായത്. അത് സംഭവിക്കല്‍ വളരെ അപൂര്‍വ്വമാണെങ്കിലും.
അബൂ അബദില്ലാഹി ബ്നു ഖയ്യിം തങ്ങളുടെ സാദുല്‍ മആദ് ഫീ ഹുദല്‍ ഇബാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇണ ചേരല്‍ മൂന്ന് കാര്യത്തിനാണ്. ഒന്ന്: മനുഷ്യവംശം നിലനിര്‍ത്താന്‍. രണ്ട്: ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന ഇത്തരം സ്രാവങ്ങളെ ഒഴിവാക്കാനും ശരീരം ശുദ്ധിയാക്കലും. മൂന്ന്: ലൈംഗിക ദാഹം തീര്‍ക്കാനും ആനന്ദിക്കാനും ഈ അനുഗ്രഹം ആസ്വദിക്കാനും. അതിന്റെ ഉപകാരങ്ങള്‍ നിരവധിയാണ്. കണ്ണിനെയും ശരീരത്തെയും ഹൃദയത്തെയും ദുര്‍വിചാരങ്ങളില്‍ നിന്നും ഹറാമുകളില്‍ നിന്നും സംരക്ഷിക്കുക. ശേഷം അദ്ദേഹം പറയുന്നു: ഇണ ചേരുന്നതിന് മുമ്പ് ഭാര്യയും ഭര്‍ത്താവും ചുംബനത്തിലും കളികളിലും തലോടലുകളിലും ഏര്‍പ്പെടല്‍ ആവശ്യമാണ്. ജാബിര്‍ ബ്നു അബ്ദില്ല എന്നവര്‍ പറയുന്നു: ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ബന്ധത്തിലേര്‍പ്പെടല്‍ നബി തങ്ങള്‍ നിരോധിച്ചിരിക്കുന്നു. നോമ്പിനെക്കുറിച്ച് പറഞ്ഞ സ്ഥലത്ത് അല്ലാഹു പറയുന്നു. നോമ്പിന്റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരോടൊത്ത് കിടപ്പറ പങ്കിടല്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെ വസ്ത്രമാണ്.
നിങ്ങള്‍ അവരുടെ വസ്ത്രമാണ്. ഇണകള്‍ തമ്മിലുള്ള പരസ്പര ചേര്‍ച്ചയെക്കുറിച്ച് എത്ര മനോഹര പദപ്രയോഗമാണ് ഖുര്‍ആന്‍ നടത്തിയത്. വേറൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. മെന്‍സസ് ഉണ്ടാകുന്ന സമയത്ത് നിങ്ങള്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത്. അത് മാലിന്യമാണ്. അവര്‍ ശുചിയാകുന്നത് വരെ നിങ്ങള്‍ ലൈംഗിക ബന്ധം വെടിയുക. ശുദ്ധിയായാല്‍ അല്ലാഹു കല്‍പിച്ച പോലെ നിങ്ങള്‍ ബന്ധത്തിലേര്‍പ്പെടുക. അല്ലാഹു പാപമോചനം തേടുന്നവരെയും ശുദ്ധി കാംക്ഷിക്കുന്നവരെയും ഇഷ്ടപ്പെടും. തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. നിങ്ങളുടെ കൃഷിസ്ഥലമാണ് നിങ്ങളുടെ ഭാര്യമാര്‍. നിങ്ങളുദ്ദേശിച്ചത് പോലെ ആ കൃഷിസ്ഥലത്ത് നിങ്ങള്‍ ചെല്ലുക. മനോഹരവും വളരെ ഗൌരവത്തോടെ കാണേണ്ടതുമായ ഒരുപമയാണ് ഇവിടെ ഖുര്‍ആന്‍ നടത്തിയത്. കാലവും തരവും ഋതുഭേദങ്ങളും നോക്കി പരിഗണിച്ച് വിതക്കലിന്റെയും കൊയ്ത്തിന്റെയും അവക്കിടയിലുള്ള പരിചരണങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തന്റെ കൃഷിസ്ഥലത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന കര്‍ഷകനോടാണ് പെണ്ണിണയുമായി ബന്ധത്തിലേര്‍പ്പെടുന്ന ആണിണയെ ഖുര്‍ആന്‍ ഉപമിച്ചത്.
ആര്‍ത്തവ കാലത്തെ സമീപനത്തെക്കുറിച്ചുള്ള പ്രവാചക വിശദീകരണങ്ങളില്‍ കാണാം. ആ സമയത്ത് ലൈംഗിക സംസര്‍ഗം മാത്രമാണ് നിശിദ്ധം. ചുംബനവും ആശ്ളേഷണവും തുടങ്ങി ലൈംഗികാസ്വാദനത്തിന്റെ മറ്റു മാര്‍ഗങ്ങള്‍ അനുവദനീയമാണ്. ചുരുക്കത്തില്‍ നല്ല ഒരു ദാമ്പത്യ ആസ്വാദ്യകരമായ ഇണചേരലിനോടും ആനന്ദകരവും പരസ്പരം തൃപ്തിപ്പെടുത്തുന്നതുമായ ലൈംഗികാസ്വാദനത്തോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ അഭാവം പലപ്പോഴും ദാമ്പത്യ തകര്‍ച്ചയില്‍ ചെന്നെത്തുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയ പല കുടുംബങ്ങളും കൌണ്‍സിലിങ് നല്‍കുന്നവര്‍ തിരിച്ചറിയുന്നത് ലൈംഗിക ജീവിതത്തിലെ വൈകല്യങ്ങളും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ലജ്ജയുമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നത് എന്നാണ്. അമിതനാണം കുണുങ്ങികളായ ഭാര്യമാരും അമിതാധികാരികളായ ഭര്‍ത്താക്കന്‍മാരും ഇവ തിരിച്ചറിയാതെ പോകുന്നു.
ലൈംഗിക ജീവിതത്തിലെ അസംതൃപ്തി അവര്‍ മറ്റു രീതികളില്‍ പ്രകടിപ്പിക്കുന്നു. മക്കളോട് മോശമായി പെരുമാറിയും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും മറ്റും അവിഹിത ബന്ധങ്ങള്‍ തേടിയും, സ്ഥിരം തലവേദന, വിഷാദം തുടങ്ങിയ കാരണമില്ലാ രോഗങ്ങള്‍ പിടിപെട്ടും ഇവരറിയാതെ ഈ ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. അല്ലാഹു അനുഗ്രഹമായി നല്‍കുകയും പ്രവാചകന്‍ പുണ്യ പ്രവര്‍ത്തി എന്ന് പഠിപ്പിക്കുകയും പണ്ഡിതര്‍ എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്ന് വിശദീകരിച്ചു നല്‍കുകയും ചെയ്ത ദാമ്പത്യത്തിലെ ലൈംഗിക ബന്ധത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകളും ധാരണകളും ദമ്പതികള്‍ക്ക് നല്‍കപ്പെടണം. അത് നല്ല ജീവിതത്തിന് അത്യാവശ്യവും മത ജീവിതത്തിന്റെ ഭാഗവുമാണ്. തെറ്റായ വിവരങ്ങള്‍ അറിയാനും വൈകൃതങ്ങള്‍ കാണാനും സാഹചര്യങ്ങള്‍ വര്‍ധിച്ച ഈ കാലത്ത് പ്രത്യേകിച്ചും ഇത്തരം നല്ല അറിവുകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സംവിധാനം ഒരുക്കണം. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും വിവാഹിതര്‍ക്കും ശരിയായ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ഉദ്ബോധനം മഹല്ല് തലത്തില്‍ നടപ്പില്‍ വരുത്തുന്നതിലൂടെ ഇത്തരം അറിവുകള്‍ പകര്‍ന്ന് കൊടുക്കല്‍ കൂടുതല്‍ എളുപ്പമാവും. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍