Saturday, April 9, 2022

റമളാന്‍; പാപങ്ങളെ കരിച്ചുകളയുന്നു






ജീവിത കാലം മുഴുവൻ കൊള്ളയും കൊലയും നടത്തി വന്ന ഒരു അക്രമി ഇസ്രായിൽ കാരിലുണ്ടായിരുന്നു. അയാൾ ജീവിതത്തിന്റെ സായാഹ്നത്തിൽ അല്ലാഹുവിങ്കലേക്ക് മടങ്ങാൻ തീരുമാനിച്ചു. പക്ഷെ, അയാൾക്കൊരു സംശയം. താൻ ചെയ്ത അറും കൊലകൾ അല്ലാഹു പൊറുക്കുമോ?. കണക്ക് കൂട്ടി നോക്കുമ്പോൾ 99 പേരെ വധിച്ചിട്ടുണ്ടായിരുന്നു.
അയാൾ ഒരു പണ്ഡിത വര്യനെ സമീപിച്ച് സംശയം ചോദിച്ചു. 99 നിരപരാധികളെ കൊന്നവനാണ് ഞാൻ. ഇപ്പോൾ പാശ്ചാത്തപിക്കുന്നു. എനിക്ക് മാപ്പുണ്ടോ?. പണ്ഡിത വര്യൻ ഞെട്ടി. അയാൾ ക്രുദ്ധനായി. നിനക്ക് മാപ്പോ? ഇറങ്ങിപ്പോ ഇത് കേട്ട അക്രമി രോഷാകുലനായി. അയാൾ തന്റെ വാളൂരി ആ പണ്ഡിതന്റെ കഴുത്തിന് വെട്ടി. നൂറാമൻ നീയാകട്ടെ എന്ന് പറഞ്ഞ് ആ വാളിന്മേലുള്ള രക്തം വൃത്തിയാക്കി ഉറയിലിട്ടു. രക്തം ചുറ്റു ഭാഗത്തേക്കും ചീറ്റി. ഒരു തുള്ളി അക്രമിയുടെ ദേഹത്തേക്കും തെറിച്ചു. അവൻ പറഞ്ഞു : ' നാറുന്ന രക്തം, പണ്ഡിതൻ പിടഞ്ഞു മരിക്കുന്നത് കണ്ട് ഒരു രക്ത രാക്ഷസിനെപ്പോലെ
അയാൾ പൊട്ടിച്ചിരിച്ചു. എന്നാൽ കോപാഗ്നി കെട്ടടങ്ങിയപ്പോൾ പിന്നെയും അയാൾ പശ്ചാത്തപിച്ചു. തലയിൽ മണ്ണ് വാരിയിട്ട് അവിടെ നിന്നോടി, താൻ ചെയ്ത മഹാ പാപങ്ങൾക്ക് പ്രായശ്ചിത്തമുണ്ടോ ?. അയാൾ പിന്നെയും അന്വേഷിച്ച് നടന്നു.




100 പേരെ കൊന്ന മഹാ കൊലയാളിയായ തനിക്ക് പ്രായശ്ചിത്തമുണ്ടോ എന്ന് മറ്റൊരു പണ്ഡിതനെ സമീപിച്ച് ചോദിച്ചപ്പോൾ, ഉണ്ട്, നിങ്ങൾക്ക് പ്രായശ്ചിത്തമുണ്ട്, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന നാട് തിന്മയുടെ നാടാണ്, ആയതിനാൽ വിദൂര ദേശത്തുള്ള ഒരു നാട്ടിൽ പോകണം. അവിടെയുള്ള ജനങ്ങൾ അല്ലാഹുവിനെ ആരാധിച്ച് ജീവിക്കുന്നവരാണ്. അവരോടൊപ്പം നീയും അല്ലാഹുവിനെ ആരാധിക്കുക. നീ നിന്റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങരുത്. എന്ന് ആ പണ്ഡിതനിൽ നിന്നും അയാൾക്ക് വിവരം കിട്ടി. ഇനിയൊരിക്കലും പാപം
ചെയ്യുകയില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്ത് കൊണ്ട് അയാൾ പ്രായാധിക്യം വക
വെക്കാതെ പണ്ഡിതൻ പറഞ്ഞ ആ നാട്ടിലേക്ക് ദീർഘ യാത്ര ആരംഭിച്ചു.




എന്നാൽ അയാൾ വഴി മധ്യേ മരിച്ചു വീണു.
അപ്പോൾ അയാളുടെ ആത്മാവ് കൊണ്ട് പോകുന്നതിൽ രക്ഷയുടേയും ശിക്ഷയുടേയും മലക്കുകൾ തർക്കിച്ചു. രക്ഷയുടെ മലക്കുകൾ പറഞ്ഞു : ഇദ്ദേഹം ആത്മാർത്ഥമായ പ്രായശ്ചിത്തത്തെ ഉദ്ദേശിച്ച് കൊണ്ട് അല്ലാഹുവിലേക്ക് മുന്നിട്ടതാണ്. ആയതിനാൽ ഇദ്ദേഹത്തെ നാം സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകും. ശിക്ഷയുടെ മലക്കുകൾ പറഞ്ഞു : ഇദ്ദേഹം ജീവിതത്തിൽ ഒരൊറ്റ നന്മയും ചെയ്തിട്ടില്ല. 100 പേരെ കൊന്ന മഹാ കൊലയാളിയാൾ, ആയതിനാൽ ഇയാളെ നാം നരകത്തിലേക്ക് കൊണ്ട് പോകും. അവർ പരസ്പരം തർക്കിക്കുന്നതിനിടയിൽ മനുഷ്യന്റെ രൂപത്തിൽ ഒരു മലക്ക് വന്ന് അവർക്കിടയിൽ മധ്യസ്ഥം വഹിച്ചു. മലക്ക് പറഞ്ഞു : ഇദ്ദേഹം ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നും ലക്ഷ്യ സ്ഥലത്തേക്കും പുറപ്പെട്ട സ്ഥലത്തേക്കും അളക്കുക. ഏതിനോടാണ് കൂടുതൽ അടുത്തത്. അതിന്റെ മലക്കുകൾക്ക് ഇദ്ദേഹത്തെ കൊണ്ടു പോകാം. അങ്ങനെ അവർ രണ്ട് ദൂരവും അളന്നപ്പോൾ ലക്ഷ്യ സ്ഥാനം അൽപം അടുത്തായിരുന്നു. തത്ഫലമായി റഹ്മത്തിന്റെ മലക്കുകൾ അദ്ദേഹത്തെ കൊണ്ട് പോയി.
ഇത് കള്ളക്കഥയോ കെട്ട് കഥയോ അല്ല. ശത്രുക്കൾ പോലും അൽ അമീൻ (വിശ്വസ്തൻ) എന്ന് ഓമനപ്പേരിട്ട് വിളിച്ച മുത്ത് നബി (സ്വ) തന്റെ അനുചരന്മാർക്ക് പറഞ്ഞു കൊടുത്തതായി ഇമാം ബുഖാരിയും മുസ്ലിമും ഒന്നിച്ച് റിപ്പോർട്ട് ചെയ്തതാണിത്.




ഉപര്യുക്ത സംഭവം ആമുഖമായി ഉദ്ദരിച്ചത്. എത്ര വലിയ പാപങ്ങൾ ചെയ്തവനും അല്ലാഹുവിങ്കൽ പ്രായശ്ചിത്തമുണ്ട് എന്നോർമ്മപ്പെടുത്താനാണ്. നാം മനുഷ്യരാണ്, പാപങ്ങൾ മനുഷ്യ സഹജമാണ്. തെറ്റു കുറ്റങ്ങളിൽ നിന്നും പൂർണ്ണമായും വിമുക്തരാകാൻ നാമാരും മഅ്റൂമീങ്ങളോ മഹ്ഫൂളീങ്ങളോ അല്ല. വിശുദ്ധ ഖുർആൻ കൃത്യമായ ഇടവേളകളിൽ തൗബയെ കുറിച്ചാവർത്തിച്ചാവർത്തിച്ചോർമ്മപ്പെടുത്തുന്നത്, മനുഷ്യന് തെറ്റ് കുറ്റങ്ങൾ സംഭവിക്കുക സ്വാഭാവികമാണെന്നും, എന്നാൽ അതിൽ നിന്നും തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ് വിജയി എന്നതിലേക്കുമുള്ള സൂചനയാണ്.
പുണ്യങ്ങളുടെ പൂക്കാലമായി അല്ലാഹു തആല മുഅ്മിനീങ്ങൾക്കായി
സമ്മാനിച്ച വിശുദ്ധ റമളാൻ, 11 മാസങ്ങളിലായി തങ്ങൾ ചെയ്ത പാപങ്ങൾ കഴുകിക്കളയാനുള്ള അസുലഭാവസരമായി കാണാനും, സുകൃതങ്ങൾ കൊണ്ട് സമ്പന്നമാക്കാനും വിശ്വാസികൾ ബവാ ശ്രദ്ധരാവേണ്ടതുണ്ട്. ആരെങ്കിലും റമളാനിനെ എത്തിക്കുകയും അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയും ചെയ്താൽ അവനെ അല്ലാഹും ശപിക്കട്ടെ എന്ന്
ജിബ്രീൽ (അ) ദുആ ചെയ്തപ്പോൾ, നബി (സ്വ) ആമീൻ പറഞ്ഞതായി ഹദീസ്
ഗ്രന്ഥങ്ങളിൽ നമുക്ക് കാണാവുന്നതാണ്.




അബൂ ഹുറൈറ (റ) ഉദ്ദരിക്കുന്നു : നബി (സ്വ) പറഞ്ഞു : ആരെങ്കിലും
വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും റമളാനിൽ നോമ്പനുഷ്ടിച്ചാൽ അവന്റെ മുൻ
കഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്. ( ബുഖാരി ) സൽമാൻ (റ) സഈദ്ബ്നു മുസയ്യിനെ തൊട്ട് ഉദ്ദരിക്കുന്നു : ശഅ്ബാൻ യാത്ര പറയുന്ന ദിവസം നബി (സ്വ) നമ്മോട് ഒരു പ്രസംഗം ചെയ്തു. മനുഷ്യ വർഗ്ഗമേ മഹത്തായ ഒരു മാസം നിങ്ങൾക്കിതാ ആഗതമായിരിക്കുന്നു. ആയിരം മാസത്തേക്കാൾ ശ്രേഷ്ടമായ ലൈലതുൽ ഖദ്റിന്റെ രാത്രി അതിലുണ്ട്. പകൽ നിങ്ങൾ വൃതം അനുഷ്ടിക്കുക, രാത്രിയിൽ തറാവീഹ് നിസ്കരിക്കുക. ഒരു സൽകർമ്മം ചെയ്താൽ ഇതര മാസങ്ങളിൽ ഇതര മാസങ്ങളിൽ 70 ഫർളുകൾ ചെയ്തതിന്റെ പ്രതിഫലം. റമളാൻ ക്ഷമയുടെ മാസമാണ്. സ്വർഗ്ഗമാണ് ക്ഷമയുടെ പ്രതിഫലം. പര സഹായത്തിന്റെ മാസമാണ് റമളാൻ. ആരെങ്കിലും റമളാനിൽ നോമ്പ് തുറപ്പിച്ചാൽ അവന്റെ ദോഷങ്ങൾ പൊറുക്കപ്പെടും.
അസ്തഗ്ഫിറുള്ളാഹ് എന്ന് ദിവസവും 100 വട്ടം ചൊല്ലിയാൽ തൗബ പൂർണ്ണമായെന്ന് കരുതുന്നത് വിണ്ഡിത്തമാണ്. ചെയ്ത് പോയ പാപങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത് തന്നെ തൗബ സ്വീകാര്യമായിട്ടില്ലെന്നതിന്റെ ഏറ്റവും വലിയ അടയാളമാണ്. എന്നിരുന്നാലും, തൗബ ചെയ്യുന്നതിനനുസരിച്ച് അതൊരു നന്മയായി നമ്മുടെ ഏടിൽ രേഖപ്പെടുത്തുന്നതാണ്.




പ്രായശ്ചിത്തം ഹൃദയത്തിൽ നിന്നും ഉൽഭൂതമാവേണ്ടതാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ ചെയ്ത് പോയ പാപങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന ദൃഢ പ്രതിജ്ഞയോടെ മനസ്സറിഞ്ഞ് തന്റെ നാഥന്റെ മുന്നിൽ ഖേദ പ്രകടനം നടത്തുമ്പോഴാണ് തൗബ അർത്ഥ പൂർണ്ണമാവുന്നത്.
സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം നാമറിയാതെത്തന്നെ നമ്മ ഹറാമിലേക്ക് വലിച്ചു നീക്കുകയാണ്. പിശാച് നമുക്ക് ചുറ്റും ഹറാമിന്റെ കെണി വലകൾ വിരിച്ചു വെച്ചിരിക്കുകയാണ്. നമ്മുടെ ശരീരമാകട്ടെ തിന്മയിലേക്ക് നമ്മെ നിരന്തരമായി പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. തീർച്ചയായും നമ്മുടെ ശരീരം നമ്മെ നിരന്തരമായി തിന്മയിലേക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് എന്നാണ് പ്രവാചകനായ യൂസുഫ് നബി (അ) പോലും പറഞ്ഞത്. ഹറാമ് ചെയ്യാൻ അടുക്കുമ്പോഴൊക്കെ തൗബയുടെ വചനങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനി തീർക്കണം. അവ നമ്മെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാകണം. അപ്പോൾ ലഭിക്കുന്നതാകട്ടെ ഇരട്ടി പ്രതിഫലവും.
റസൂൽ (സ്വ) പറയുന്നു: റമളാൻ കഴിഞ്ഞ് കടന്നിട്ടും പാപങ്ങൾ പൊറുക്കപ്പെടാത്തവൻ മൂക്ക് കുത്തി വീഴട്ടെ . അതായത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട നിമിഷങ്ങളാണതെന്നർത്ഥം.




റമള എന്ന പദത്തിനർത്ഥം തന്നെ കരിച്ചു കളയുക എന്നാണ്. സൽകർമ്മങ്ങൾ മുഖേനെയും, തൗബയിലൂടെയും പാപങ്ങളെ കരിച്ചു കളയുന്ന
മാസമായതിനാലാണ് ഇതിന് റമളാൻ എന്ന് പേര് തന്നെ വന്നത്.
റമളാനിന്റെ ഓരോ ദിവസവും പവിത്രമേറിയതാണ്. ഓരോ പത്തിനും
പലതരം പവിത്രതകളും ശ്രേഷ്ഠതകളും പ്രവാചകർ (സ്വ) പറയുന്നു : റമളാനിന്റെ ആദ്യ പത്ത് റഹ്മത്തും രണ്ടാം പത്ത് മഗ്ഫിറത്തും മൂന്നാം പത്ത് നരക മോചനവുമാണ്. വിശുദ്ധ റമളാനിനെ ഇത്തരമൊരു രീതിയിൽ തരം തിരിച്ചത് തന്നെ മുഅ്മിനീങ്ങൾ അതിനെ കൃത്യമായ പദ്ധതികളോടെ
ഉപയോഗപ്പെടുത്താൻ വേണ്ടിയാണ്. ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു : നബി (സ്വ) പറഞ്ഞു: എന്റെ സമൂഹം റമളാനിന്റെ മഹത്വം അറിഞ്ഞിരുന്നെങ്കിൽ വർഷം മുഴുവൻ റമളാൻ ആവാൻ അവർ ആഗ്രഹിച്ചേനേ..




നമ്മുടെ കർമ്മങ്ങളിലെ ആത്മാർത്ഥതയുടെ കുറവാണ് നമ്മെ തിന്മയിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. ഇന്ന് കർമ്മങ്ങളേറെയാണ്. ദീനിനും ദീനി സംരംഭങ്ങൾക്കും ലക്ഷങ്ങൾ സ്വദഖ ചെയ്യുന്നവർ നമുക്കിടയിലുണ്ട്. ഒരുപാട് നാളായി ആശ വെച്ച് വാങ്ങിച്ച കയ്യിലേയും കഴുത്തിലേയും സ്വർണ്ണങ്ങൾ അങ്ങനെത്തന്നെ ദീനീ സ്ഥാപനങ്ങൾക്കും പള്ളിക്കും വേണ്ടി ഊരിക്കൊടുക്കാൻ തയ്യാറുള്ള സ്ത്രീകളും നമുക്കിടയിലുണ്ട്. പക്ഷെ, കർമ്മങ്ങളുടെയെല്ലാം ലക്ഷ്യങ്ങൾ അല്ലാഹുവിന്റെ തൃപ്തിക്കുമപ്പുറം മറ്റു പലതിലേക്കും ചേക്കേറുമ്പോൾ തിന്മകളും




നമ്മെ വിട്ടൊഴിയാതെയാവുന്നു. മുആദ് (റ) പറയുന്നു : യമനിലെ ന്യായാധിപനായി നിയോഗിച്ചപ്പോൾ താൻ റസൂൽ (സ്വ)യോട് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ.. എന്നെ ഉപദേശിച്ചാലും, നബി (സ്വ) പറഞ്ഞു : നിന്റെ മതം അല്ലാഹുവിന് വേണ്ടി മാത്രമാക്കുക. എന്നാൽ നിനക്ക് കുറഞ്ഞ കർമ്മങ്ങൾ മതിയാകും.
റമളാൻ വിചാരപ്പെടലിന്റെ നാളുകളാണ്. പ്രായ പൂർത്തിയായത് മുതൽ ചെയ്ത് പോയ പാപങ്ങളിൽ നിന്നും താൻ പൂർണ്ണമായും മുക്തനായോ? അതെല്ലാം തന്നെ എത്രവലിയ പാപങ്ങളും പൊറുത്ത് തരുന്നു. തന്റെ അടിമയെ ഏറെ സ്നേഹിക്കുന്ന തന്റെ നാഥന്റെ മുന്നിൽ ഏറ്റ് പറഞ്ഞുവോ? തന്റെ കർമ്മങ്ങളിലെല്ലാം തന്നെ അല്ലാഹുവിന്റെ പ്രീതി പരമ ലക്ഷ്യമാണോ? തുടങ്ങിയ ചിന്തകളിലുള്ള ആത്മ വിചാരണയുടെ നാളുകൾ. റമളാൻ കഴിഞ്ഞ് കടക്കുന്നതോടെ നമ്മുടെ ഹൃദയം ശുദ്ധിയാകണം. പാപങ്ങളെല്ലാം കഴുകിയെടുത്ത് തെളിഞ്ഞ ഹൃദയവുമായി അല്ലാഹുവിനോട് സംവദിക്കുന്ന ആ ഒരു അനുഭൂതി വിശ്വാസിയുടെ ഏറ്റവും വലിയ സന്തോഷമാണ്. ഈ റമളാൻ നമ്മുടെ പാപങ്ങളെല്ലാം കരിച്ചു കളയാനുള്ളതാകട്ടെ.



Subscribe to get more videos :